നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാൻ നോക്കുകയാണ്; കോൺഗ്രസിന്റെ സെമി കേഡർ സിസ്റ്റത്തെ കളിയാക്കി എ വി ഗോപിനാഥ്

single-img
22 October 2021

കഴിഞ്ഞ ദിവസം കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നൽകിയ കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി എ വി ഗോപിനാഥ്. ദേശീയ നേതൃത്വം ഗൗരവമായ ചർച്ച നടത്തിയില്ല. തന്നെ ബോധപൂർവം ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന് കരുതുന്നില്ലെന്നും എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പാർട്ടിയിൽ നിന്നുള്ള രാജി പിൻവലിക്കില്ലെന്നും രാജി വെച്ചതിൽ ദുഃഖമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഇതോടൊപ്പം തന്നെ, ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കോൺഗ്രസിലെ സെമി കേഡർ സിസ്റ്റത്തെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെയും എ വി ഗോപിനാഥ് പരിഹസിച്ചു.

പാർട്ടിയിൽ നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാൻ നോക്കുകയാണ്. കേഡറായതു കൊണ്ടാണ് തന്നെ ഒഴിവാക്കിയത്. അതേ കേഡറായതു കൊണ്ടാണ് ഷാഫി പറമ്പിൽ പെരുങ്ങോട്ടു കുറുശ്ശിയിലെ യൂത്ത് കോൺഗ്രസ് പിരിച്ചുവിട്ടത്. പെരുങ്ങോട്ടു കുറുശിക്കാർ ഇതുവരെ കാണാത്ത നേതാവാണ് ഷാഫിയെന്നും എ വി ഗോപിനാഥ് പറഞ്ഞു.

“ഇവിടെ നേതാക്കന്മാരുടെ പാദസ്പർശമേൽക്കാറില്ല. അതുകൊണ്ട് പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്. വളരെ ആലോചിച്ച് തന്നെയാണ് ഞാൻ രാജിവച്ചത്. അതെൻ്റെ വ്യക്തിപരമായ തീരുമാനം. ഇപ്പോൾ കോൺഗ്രസുകാരനല്ലാത്തതിനാൽ പട്ടികയെപ്പറ്റി പറയുന്നില്ല. പ്രാഥമികാംഗത്വം രാജിവച്ചയാൾക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേ. കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി സീരിയസായ ചർച്ച നടന്നിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോൺഗ്രസുകാരുമായി സംസാരിച്ചിട്ടില്ല. സുധാകരനുമായി എനിക്ക് മികച്ച വ്യക്തി ബന്ധമാണുള്ളത്.”- ഗോപിനാഥ് പറഞ്ഞു.