പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവം; അനുപമയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുത്തു

single-img
21 October 2021

തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ദുരഭിമാനത്താൽ കുഞ്ഞിനെ തന്റെ മാതാപിതാക്കൾ കൊണ്ടുപോയെന്ന അമ്മ അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. കുട്ടിയെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി.

കേസ് എടുത്തതിനെ തുടർന്ന് സംഭവത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

അതിനു ശേഷം രണ്ട് തവണ അനുപമ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം, ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളി. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനൽകാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ ദത്തായി നൽകാൻ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി.