ആര്‍എസ്​എസ്​ ശാഖയില്‍ ചെയ്യുന്നത് നിയമസഭയിലിരുന്ന്​ നീലച്ചിത്രം കാണാന്‍ പഠിപ്പിക്കൽ: കുമാരസ്വാമി

single-img
20 October 2021

സംസ്ഥാനത്തിന്റെ നിയമസഭയിലിരുന്ന്​ നീലച്ചിത്രം കാണാന്‍ പഠിപ്പിക്കലാണ്​ ആര്‍ എസ്​ എസ്​ ശാഖയില്‍ ചെയ്യുന്നത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ്​ നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി.അതിനാല്‍ തനിക്ക്​ അവിടെനിന്ന്​ ഒന്നും പഠിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ്എ സ് ശാഖ സന്ദര്‍ശിച്ച്‌ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.’അവരുടെ (ആര്‍.എസ്.എസ്) കൂട്ടുകെട്ട് എനിക്ക് വേണ്ട. ആര്‍ എസ്എ സ്​ ശാഖയില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മള്‍ കണ്ടതല്ലേ? നിയമസഭ സമ്മേളനം നടക്കുമ്പോള്‍ നീലച്ചിത്രങ്ങള്‍ കാണുകയാണ്​ അവര്‍.

ഒരു പക്ഷെ ആര്‍ എസ്എ സ് ശാഖയില്‍ അത്തരത്തിലുള്ള ഒരു കാര്യം ആയിരിക്കും പഠിപ്പിച്ചിട്ടുണ്ടാകുക. ഇത് പഠിക്കാന്‍ എനിക്ക് അവിടെ പോകേണ്ടതുണ്ടോ?’ – കുമാരസ്വാമി ചോദിച്ചു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അവരുടെ ശാഖ വേണ്ട. ഞാന്‍ പഠിക്കുന്നത്​ പാവപ്പെട്ട ജനങ്ങളുടെ ശാഖയില്‍നിന്നാണ്​. ആര്‍.എസ്​.എസ്​ ശാഖയില്‍നിന്ന്​ എനിക്ക് ഒന്നും പഠിക്കാനില്ല’ -കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 2012ലെ നിയമസഭയില്‍ മൂന്ന് മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണുന്നത്​ കാമറയില്‍ കുടുങ്ങിയിരുന്നു. സംഭവം ബി.ജെ.പി സര്‍ക്കാറിന് നാണക്കേടുണ്ടാക്കുകയും മൂന്ന് മന്ത്രിമാരും രാജിവെക്കുകയും ചെയ്​തിരുന്നു.അടുത്തിടെ ഒരു പുസ്തകത്തെ പരാമര്‍ശിച്ചുകൊണ്ട്, ആര്‍.എസ്.എസ് ഹിഡന്‍ അജണ്ടയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ഇവര്‍ ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയാണെന്നും​ എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു.

കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബി ജെ പി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ എസ്എ സിന്‍റെ നിര്‍ദേശപ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കൈയിലെ പാവയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.ഇതിനെത്തുടര്‍ന്നാണ്​ ആര്‍.എസ്.എസ് ശാഖയില്‍ വന്ന് അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നളിന്‍ കട്ടീല്‍ കുമാരസ്വാമിയെ ക്ഷണിച്ചത്​.