ബിജെപിയുടെ തകർച്ചയ്ക്ക് കാരണം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന പേരില്‍ അറിയപ്പെടുന്ന സുരേന്ദ്രനും മുരളീധരനും; വിമർശനവുമായി സേവ് ബിജെപി ഫോറം

single-img
17 October 2021

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ബിജെപിയുടെ തന്നെ പ്രവര്‍ത്തകര്‍ രൂപീകരിച്ച സേവ് ബിജെപി ഫോറത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സുരേന്ദ്രനെയും മുരളീധരനെയും വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ സേവ് ബിജെപി ഫോറം വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തു.

ബിജെപിയുടെ കേരളത്തിലെ ഇപ്പോഴുള്ള തകര്‍ച്ചയ്ക്ക് പിന്നില്‍ സുരേന്ദ്രനും മുരളീധരനുമാണെന്നും ഇവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ‘അസതോ മാ സദ് ഗമയാ’ എന്ന ലഘുലേഖയില്‍ പറയുന്നു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന പേരില്‍ അറിയപ്പെടുന്ന സുരേന്ദ്രനും മുരളീധരനുമാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. ഇവരുടെ ഡല്‍ഹിയിലെ ഗോഡ്ഫാദര്‍ ആരാണ്. സ്വന്തം പാര്‍ട്ടിയുടെ പണം അടിച്ചുമാറ്റിയ നേതാക്കളുള്ള പാര്‍ട്ടിയായി ബിജെപി മാറി. മുരളീധരനും സുരേന്ദ്രനും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ്. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഇവരില്‍ 99.9 ശതമാനവും ഇടതുമുന്നണിയിലേക്കാണ് പോയത്.

സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം സുരേന്ദ്രനും മുരളീധരനും മുന്നില്‍ ഏറാന്‍ മൂളികളാണ്. വിമര്‍ശിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇവര്‍ ആക്രമിക്കുന്നു. ചില നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു. അച്ചടക്കത്തിന്റെ അപ്പോസ്തലന്മാര്‍ തേയിലത്തോട്ടത്തില്‍ ജോലി ചെയ്ത പയ്യനെ പിപി മുകുന്ദന്‍ കൈ പിടിച്ച് നേതാവാക്കിയ കഥയോര്‍മിക്കണം. മുഷിഞ്ഞ ജുബ്ബയും തുണിസഞ്ചിയുമായി വന്ന നേതാവ് 100 കോടി ക്ലബ്ബില്‍ അംഗമായി.”-സേവ് ബിജെപി ഫോറം വിമര്‍ശിച്ചു.