ഇത് ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും തുലഞ്ഞുപോകട്ടെ; കബഡി കളിക്കുന്ന വീഡിയോ പുറത്തുവിട്ടയാളെ ശപിച്ച് പ്രഗ്യ സിംഗ്

single-img
16 October 2021

താന്‍ കബഡി കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചയാളെ ‘ശപിച്ച്’ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി ഭോപ്പാല്‍ എം പിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഇത്തരത്തിൽ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്‍മത്തിലും തുലഞ്ഞുപോകട്ടെ എന്ന് പ്രഗ്യ പറഞ്ഞു. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് താൻ ആരതി ഉഴിയാന്‍ പോയതായിരുന്നെന്നും ആ സമയം ചില കായികതാരങ്ങള്‍ കബഡി കളിക്കുന്നത് കണ്ട് അവിടേക്ക് പോകുകയായിരുന്നെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നതെന്നും പ്രഗ്യ വിശദീകരിക്കുന്നു. അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ജാമ്യത്തിലിറങ്ങിയത്. താൻ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രഗ്യാ സിംഗ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രഗ്യ കബഡി കളിക്കുന്ന വീഡിയോ പുറത്തായത്.