മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വിട്ടുനൽകും

single-img
16 October 2021

അറബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂന മര്‍ദ്ദങ്ങളെത്തുടര്‍ന്ന് കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്‌ക്യൂ കം ആംബുലന്‍സ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തി വയ്ക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വിട്ടു നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാ ആര്‍ടിഒ, ജോയിന്റ് ആര്‍ ടി ഒ മാരും അവരവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പര്‍, ക്രെയിന്‍, ആംബുലന്‍സ്, ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിന് ആവശ്യമായ വാഹനങ്ങള്‍ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.