രൂക്ഷമാകുന്ന കല്‍ക്കരി ക്ഷാമം; രാജ്യത്ത് 13 താപ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി വെച്ചു

single-img
12 October 2021

രൂക്ഷമാകുന്ന കല്‍ക്കരി ക്ഷാമം കാരണം രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ പ്രതിസന്ധി. ഇതിനോടകം13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ചെയ്തു. ഇപ്പോൾ എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി വളരെ രൂക്ഷമാണ്.

മാത്രമല്ല, പ്രവർത്തിക്കുന്ന 80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 14 മണിക്കൂര്‍ പവര്‍ കട്ടിലേക്ക് നീങ്ങിയേക്കും. പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ജാര്‍ഖണ്ഡില്‍ 24 ശതമാനമാണ് വൈദ്യുതി ക്ഷാമം. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ്.

കഴിഞ്ഞ ദിവസത്തിൽ കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയിലാണ് 13 താപനിലയങ്ങള്‍ അടച്ചത്. പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. നിലവിൽ കേന്ദ്രസർക്കാർ പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.