സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്

single-img
12 October 2021

ആർഎസ്എസിന്റെ നേതാവായിരുന്ന സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്. സവർക്കറെ ജയിലിൽ നിന്നും മോചിപ്പിക്കാൻ തങ്ങൾ പ്രചരണം നടത്തുമെന്ന് ​ഗാന്ധി പറഞ്ഞിരുന്നെന്നും സർക്കാർ ഒരു യഥാർത്ഥ ദേശീയവാദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സവർക്കർ എല്ലായ്പ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കുമെന്നും ദയ് മഹുർക്കർ രചിച്ച വീർ സവർക്കർ; ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ രാജ്നാഥ് സിംഗ് കൂട്ടിചേർത്തു. അദ്ദേഹം ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. മറിച്ചുഒരു യഥാർത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു .

ഇന്ത്യയുടെ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സവർക്കർ. സവർക്കർ രാജ്യത്തിനായി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. അവ ജനങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല. വളരെയധികം കഠിനാധ്വാനത്തിനും ​ഗവേഷണത്തിനും ശേഷമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്നും ഈ പുസ്തകം പുറത്ത് വരുന്നതോടെ സവർക്കറെക്കുറിച്ചുള്ള കിംവദന്തികൾ ഇല്ലാതാകുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.