മോന്‍സന്റെ കൈവശമുള്ള ശബരിമല ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

single-img
11 October 2021

വ്യാജ പുരാവസ്തുവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്നു ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷമുള്ള ഒരു രേഖ തന്റെ പക്കലുണ്ടായിരുന്നുവെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നെന്നും അത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണെന്ന് പറഞ്ഞ് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയിൽ പറഞ്ഞു. ഇതിന്റെ പേരില്‍ ദേശാഭിമാനി പത്രത്തിനെതിരായി നടപടിയെടുക്കാന്‍ തയ്യാറാകുമോയെന്നായിരുന്നു സതീശന്റെ ചോദ്യം.

പക്ഷെ ചെമ്പോല ആധികാരികമാണെന്ന് ഒരുഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വ്യക്തമാകുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.

മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കള്‍ ആധികാരികമാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ വിഭാഗമാണ്. പോലീസ് മോന്‍സണിന് സുരക്ഷയൊരുക്കിയത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.