മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡിയുടെ സമ്മര്‍ദ്ദം; സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ കോടതി പരിശോധിക്കണം: കോടിയേരി

single-img
9 October 2021

നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജൻസിയായ ഇ ഡി നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സന്ദീപിന്റെ വെളിപ്പെടുത്തലുകൾ കോടതി പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാമെന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്നായിരുന്നു ഇഡി തനിക്ക് നല്‍കിയ ഓഫറെന്നാണ് സന്ദീപ് ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.

മുന്‍മന്ത്രിയായിരുന്ന കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. അതിന് പിന്നാലെയാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.

ധാരാളം പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും അവര്‍ ആ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും സന്ദീപ് പറഞ്ഞിരുന്നു. ഇന്നാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് ജയില്‍മോചിതനായത്.