നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തും; പഞ്ചാബില്‍ തൂക്കുസഭ; കോൺഗ്രസിനെ കാത്തിരിക്കുന്നത് ആഭ്യന്തര കലഹം; സർവേയുമായി എബിപി സി-വോട്ടർ

single-img
9 October 2021

2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപി, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി അധികാരം നിലനിർത്താൻ സാധ്യത എന്ന് എബിപി സി-വോട്ടറുടെ ഏറ്റവും പുതിയ സർവേ.

ഇപ്പോൾ തന്നെ ആഭ്യന്തര ഭിന്നത രൂക്ഷമായ പഞ്ചാബില്‍ തൂക്കുസഭക്കാണ് സാധ്യതയെന്നും ഇവിടെ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും എഎപി മൂന്നാം കക്ഷിയായി ഉയർന്നുവരും എന്നാണ് പ്രവചനം. നേരത്തെ തന്നെ പഞ്ചാബിലും മണിപ്പൂരിലും സംഭവിച്ച പോലെ എല്ലാ സംസ്ഥാന ഘടകങ്ങളിലും കോൺഗ്രസ് കടുത്ത ആഭ്യന്തര കലഹത്തിന് സാക്ഷ്യം വഹിച്ചേക്കാം എന്ന് സർവേ പറയുന്നു.

സർവേയിൽ യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 41.3 ശതമാനം വോട്ട് വിഹിതവും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് 32 ശതമാനവും, ബഹുജൻ സമാജ് പാർട്ടിക്ക് 15 ശതമാനവും കോൺഗ്രസിനും മറ്റുള്ളവയ്ക്കും 6 ശതമാനവും ലഭിക്കാമെന്ന് പ്രവചിക്കുന്നു. സീറ്റുകളുടെ കാര്യത്തിൽ, ബി.ജെ.പിക്ക് 241 മുതൽ 249 വരെ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും സമാജ് വാദി പാർട്ടിയുടെ വിഹിതം 130 മുതൽ 138 സീറ്റുകൾ വരെയാകുമെന്നും സർവേ പറയുന്നു.

പഞ്ചാബിലാവട്ടെ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും തൂക്കുസഭ വരുമെന്നും എബിപി സി വോട്ടർ സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തെ 117 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എഎപിക്ക് വലിയ നേട്ടം കൈവരിക്കാനാകും. എഎപിക്ക് 36 ശതമാനം വോട്ടും കോൺഗ്രസിന് 32 ശതമാനവും ശിരോമണി അകാലിദളിന് (എസ്എഡി) 22 ശതമാനവും ബിജെപിക്ക് 4 ശതമാനവും മറ്റുള്ളവർക്ക് 6 ശതമാനവും വോട്ട് വിഹിതം ലഭിക്കാൻ സാധ്യതയുണ്ട്.

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വീണ്ടും തിരിച്ചുവരാൻ കഴിയും. സർവേ പ്രകാരം കോൺഗ്രസിന് 34 ശതമാനവും ബിജെപിക്ക് 45 ശതമാനവും ആം ആദ്മിക്ക് 15 ശതമാനവും മറ്റുള്ളവർക്ക് 6 ശതമാനവും വോട്ട് വിഹിതം ലഭിച്ചേക്കും. കോൺഗ്രസ് പാർട്ടിക്ക് 21-25 സീറ്റുകളും ബിജെപിക്ക് 42-46 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് 0-4 സീറ്റും മറ്റുള്ളവർക്ക് 0-2 സീറ്റുകളും ലഭിക്കുമെന്ന് സർവേ പറയുന്നു.

ഗോവയിലെ 40 അംഗ നിയമസഭയിൽ പരമാവധി സീറ്റുകളുമായി ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും. സർവേ പ്രകാരം ഗോവയിൽ ബി.ജെ.പിക്ക് 24 മുതൽ 28 വരെ സീറ്റുകളും കോൺഗ്രസിന് 1 മുതൽ 5 വരെ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് 3 മുതൽ 7 വരെയും മറ്റുള്ളവർക്ക് 4 മുതൽ 8 സീറ്റുകളും ലഭിച്ചേക്കും. ബിജെപിക്ക് 38 ശതമാനം വോട്ടും കോൺഗ്രസിന് 18 ശതമാനവും എഎപിക്ക് 23 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനവും വോട്ട് വിഹിതം ലഭിക്കും.

മണിപ്പൂരിൽ ബിജെപിക്ക് 21 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഇതിനുപുറമെ, കോൺഗ്രസിന് 18 മുതൽ 22 വരെ സീറ്റുകളും പ്രാദേശിക നാഗ പീപ്പിൾസ് ഫ്രണ്ട് (NPF) 4 മുതൽ 8 വരെയും മറ്റുള്ളവർക്ക് 1 മുതൽ 5 സീറ്റുകളും ലഭിച്ചേക്കാം. എന്നാൽ, മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കുറഞ്ഞത് 31 സീറ്റുകൾ ആവശ്യമാണ്. മണിപ്പൂർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 36 ശതമാനം വോട്ട് വിഹിതവും കോൺഗ്രസിന് 34 ശതമാനവും എൻപിഎഫിന് 9 ശതമാനവും മറ്റുള്ളവർക്ക് 21 ശതമാനവും ലഭിച്ചേക്കും എന്നാണ് സർവേ പറയുന്നത്.