ലഖിംപൂര്‍ ഖേരി: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും: ചന്ദ്രശേഖർ ആസാദ്

single-img
8 October 2021

യുപിയിലെ ലഖിംപൂരിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ലഖിംപൂര്‍ ഖേരി സംഭവത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. അടുത്ത വര്‍ഷം യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിപ്പോൾ ക്രമസമാധാനമില്ലെന്ന് ആരോപിച്ച ആസാദ് മുഖ്യമന്ത്രി യോഗി രാജി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.