മോൻസനെതിരെ പരാതി നൽകിയവരെ ‘തട്ടിപ്പുകാർ’ എന്ന് വിളിച്ചു; നടൻ ശ്രീനിവാസന് ഒന്നരക്കോടിയുടെ നോട്ടീസ്

single-img
8 October 2021

വ്യാജ പുരാവസ്തുക്കൾ കാട്ടി കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ‘തട്ടിപ്പുകാർ’ എന്നു വിളിച്ച നടൻ ശ്രീനിവാസന് നോട്ടിസ്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

മോൻസന് ബിസിനസ് ആവശ്യങ്ങൾക്കായി പണം നൽകിയവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് അവർ അയാൾക്ക് പണം നൽകിയതെന്നുമുള്ള ചാനൽ അഭിമുഖത്തിലെ പരാമർശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി മുഹമ്മദാണ് നോട്ടിസ് അയച്ചത്.

ചാനലിൽ തട്ടിപ്പുകാർ എന്ന പരാമർശം നടത്തിയത് ആർക്കെതിരെയാണെന്ന് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നില്ല. അത് നേരിട്ട് അറിയുന്ന ആളാണെന്നും പേരു പറയില്ലെന്നും സുഹൃത്തിന്റെ സഹോദരിയുടെ പുത്രനാണെന്നും പറഞ്ഞിരുന്നു.

ചാനൽ അഭിമുഖത്തിലെ ശ്രീനിവാസന്റെ വാക്കുകൾ: ” 10 കോടി രൂപ നൽകിയെന്നു പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണ്. നിഷ്‌കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും.

അങ്ങനെയുള്ളപ്പോൾ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്. മറ്റു പലരിൽനിന്നു പണം വാങ്ങിയാണ് അയാൾ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാൻ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കിൽ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതിൽ വീണവർക്കാണ് പണം നഷ്ടമായത്. അത്യാർത്തിയുള്ളവർക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ.’