രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളിൽ വിട്ടാല്‍ മതി; സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ഇങ്ങിനെ

single-img
8 October 2021

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലുള്ള മാർഗരേഖ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയാണ് പുറത്തിറക്കിയത്.

പുതിയ തീരുമാനപ്രകാരം ആഴ്ചയില്‍ ആറുദിവസം ക്ലാസുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ച വരെ മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുക. രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിട്ടാല്‍ മതി. വിദ്യാര്‍ഥികള്‍ കൂട്ടം കൂടാതിരിക്കാന്‍ അധ്യാപകരും സ്‌കൂളിലെ മറ്റ് ജീവനക്കാരും ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ വരേണ്ടതില്ല.

എല്ലാ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല. 1 മുതല്‍ 7 വരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാം. ഒരു സമയം പകുതി കുട്ടികള്‍ മാത്രം. ബയോ ബബിള്‍ മാതൃകയിലാകും ക്ലാസുകള്‍. 8,9 ക്ലാസുകള്‍ തുറക്കുന്നതില്‍ തീരുമാനം പിന്നീടെന്നും ശിവന്‍കുട്ടി അറിയിച്ചു.

സ്‌കൂള്‍ തുറന്നാലും ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് അധ്യാപകരും ജീവനക്കാരും ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിന്‍ എടുത്തിരിക്കണം. സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലുള്ളവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ഒരു സ്‌കൂളിന് ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുനിര്‍ദ്ദേശങ്ങള്‍:

  1. രക്ഷകര്‍ത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്.
  2. കുട്ടികള്‍ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്.
  3. 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളാവാം.
  4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികള്‍ ഹാരജാകാവുന്നതാണ്.
  5. സ്‌കൂളുകളുടെ സൌകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.
  6. ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
  7. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസില്‍ വരുന്ന രീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കേണ്ടതാണ്.
  8. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂള്‍ മേധാവിക്കായിരിക്കും
  9. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം സ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
  10. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ത്ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസം) സ്‌കൂളില്‍ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സ്ഥിരമായി അതേ ബാച്ചില്‍ തന്നെ തുടരേണ്ടതാണ്.
  11. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ പെടുത്തുന്നതാണ് ഉചിതം.
  12. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല.
  13. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികള്‍ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പര്‍ക്കം ഉള്ള/സംശയിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.
  14. കൊവിഡ് ബാധിതര്‍ വീട്ടിലുണ്ടെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
  15. നല്ല വായുസഞ്ചാരമുള്ള മുറികള്‍/ഹാളുകള്‍ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
  16. സാധ്യമാകുന്ന ഘട്ടങ്ങളില്‍ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  17. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
  18. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
  19. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സില്‍ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.
  20. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ വരേണ്ടതില്ല എന്ന് നിര്‍ദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോസ്റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
  21. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ എല്ലാ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്.
  22. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍, മറ്റ് താത്ക്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്.
  23. കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം സ്‌കൂള്‍മേധാവികള്‍ ക്ലാസുകള്‍ ക്രമീകരിക്കേണ്ടതാണ്.
  24. സ്‌കൂള്‍സംബന്ധമായ എല്ലാ യോഗങ്ങള്‍ തുടങ്ങുമ്പോഴും ക്ലാസുകള്‍ തുടങ്ങുമ്പോഴും കൊവിഡ് അനുയോജ്യ പെരുമാറ്റം ഓര്‍മ്മപ്പെടുത്തുകയും കൊവിഡ് ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
  25. അക്കാദമികപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ്. 26. സ്‌കൂള്തിലത്തില്‍ ഒരു ഹെല്പ്പ് ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. സ്‌കൂള്‍ സജ്ജമാക്കല്‍ നിര്‍ദേശങ്ങള്‍: സ്‌കൂളുകള്‍ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാല്‍ ഒക്ടോബര്‍ 25നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികള്‍ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമാക്കുന്നത് ഉചിതമായിരിക്കും.

ദീര്‍ഘകാലം അടഞ്ഞുകിടന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, സ്‌കൂള്‍ബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടര്‍ ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി, വാഷ്‌ബെയ്‌സിന്‍, ലാബ്,ലൈബ്രറി എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.

ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയില്‍ നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിര്‍മ്മാണത്തൊഴിലാളികളും തമ്മില്‍ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.

കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. സ്‌കൂളുകളില്‍ ദീര്‍ഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ ക്ലാസും, സ്‌കൂള്‍ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും.

സ്‌കൂള്‍ പരിസരങ്ങളിലും ക്ലാസ്സുകളിലും കൊവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍/പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാബോര്‍ഡുകള്‍ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകള്‍,ലൈബ്രറികള്‍,കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്‌റൂമിന് പുറത്ത്, സ്‌കൂള്‍ ബസ് തുടങ്ങിയ ഇടങ്ങല്‍ പതിക്കാന്‍പ്രത്യേകം ശ്രദ്ധിക്കണം.