18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നു

single-img
8 October 2021

നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സർക്കാർ കൈമാറും. 18,000 കോടി രൂപയ്ക്കുള്ള ഈ കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലയിൽ എത്തി, നീണ്ട അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്.

1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലായിരുന്നു ഈ വിമാന കമ്പനി സ്ഥാപിതമായത്. തുടർന്ന് 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. നിലവിൽ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.

നഷ്ടത്തിന്റെ കണക്കുകൾ വർദ്ധിച്ചപ്പോൾ എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തീരുമാനിച്ചത്. ആ സമയം എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു.