രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾക്കായി പ്രവർത്തിച്ചു; ജര്‍മനിയില്‍ വിചാരണ നേരിടുന്നത് നൂറ് വയസ്സുകാരന്‍

single-img
7 October 2021

രണ്ടാം ലോക മഹായുദ്ധം നടന്ന സമയം നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ ജര്‍മനിയില്‍ വിചാരണ നേരിടുന്നത് നൂറ് വയസ്സുകാരന്‍. പതിനായിരങ്ങളെ കൊന്നൊടുക്കിയ സച്ചെന്‍ഹൗസന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ പ്രവര്‍ത്തിച്ച് ഇയാൾ കൊലപാതകത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിനാണ് വിചാരണ.

സംഭവവുമായി ബന്ധപ്പെട്ട 3,518 കേസുകളില്‍ പ്രതിയായ ഇയാളുടെ വിചാരണ ന്യൂറുപ്പിന്‍ സ്റ്റേറ്റ് കോടതിയിലായിരുന്നു നടന്നിരുന്നത്. ഇപ്പോൾ സംഘടനാപരമായ ചില കാരണങ്ങളാല്‍ കോടതി നടപടികള്‍ ബ്രാന്‍ഡന്‍ബര്‍ഗിലെ ജയില്‍ സ്‌പോര്‍ട്‌സ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം,പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ കോടതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

1942 മുതൽ 1945 വരെയുള്ള കാലഘട്ടങ്ങളില്‍ സച്ചെന്‍ഹൗസന്‍ ക്യാംപില്‍ നാസി പാര്‍ട്ടിയുടെ പാര്‍ലമെന്ററി വിഭാഗത്തിലെ അംഗമായി ഇയാൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വളരെ പ്രായമുണ്ടെങ്കിലും വിചാരണ നേരിടാന്‍ പ്രതി പ്രാപ്തനാണെന്നാണ് അധികാരികൾ പറയുന്നത്. അവശതകൾ കണക്കാക്കി പ്രതിക്കായി മണിക്കൂറുകള്‍ നീളുന്ന വിചാരണ ഒഴിവാക്കുകയും ചെറു സെഷനുകളാക്കി നടത്താനും തീരുമാനിച്ചിട്ടുണ്ട്.