ട്രെയിനിൽ കഞ്ചാവ് കടത്തി; മുൻ യുവമോർച്ച നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

single-img
7 October 2021

വിശാഖപട്ടണത്ത് നിന്നും കേരളത്തിലെ തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയ കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് സംഘവും, ആർപിഎഫ് ക്രൈം ഇന്റലിജൻസും സംയുക്തമായി തെരച്ചിലിൽ ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ബിജെപിയുടെ യുവജന സംഘടനയായ യുവമോർച്ചയുടെ കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്.

നേരത്തെ തന്നെ മൂന്ന് പേർക്കെതിരെയും കുന്നംകുളം പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. ഇതിൽ രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പരിശോധന നടന്നപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം ഭാഗങ്ങളിൽ ഈ കഞ്ചാവ് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി.