സിനിമാ ചിത്രീകരിക്കാൻ ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം

single-img
6 October 2021

ലോക ചരിത്രത്തിൽ ഇതാദ്യമായി സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം. റഷ്യയുടെ പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ ആന്റണ്‍ കപ്ലെറോവിനൊപ്പം റഷ്യന്‍ നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ് സംഘത്തിലുള്ളത്.

ഏകദേശം പന്ത്രണ്ട് ദിവസത്തെ ചിത്രീകരണ ദൗത്യമാണ് സംഘത്തിനു മുന്നിലുള്ളത്. അതേസമയം, ചരിത്രനിയോഗമാണ് ഇതെന്ന് യൂലിയ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണര്‍ കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ് 19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്.

ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്പെയ്‌സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നു. ഇപ്പോൾ സ്‌പേസ് സ്റ്റേഷനിലുള്ള തോമസ് പെസ്‌ക്വറ്റ്, മാര്‍ക്ക് വാന്‍ഡ് ഹെ, ഷെയിന്‍ കിംബ്രൗ, മേഘന്‍ മക് ആര്‍തര്‍, ഒളെഗ് നോവിറ്റ്‌സ്‌കി, അകി ഹോഷിദെ എന്നിവര്‍ സിനിമാ സംഘത്തെ സ്വാഗതം ചെയ്യും.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ‘ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്.