പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി നാണക്കേടുണ്ടാക്കി; പുരോഹിതർ കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കിയതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
6 October 2021

ഫ്രാൻസിൽ നിന്നുള്ള കത്തോലിക്കാ പുരോഹിതര്‍ ഏകദേശം 3,30,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി നിര്‍ഭാഗ്യകരമാണെന്നും ഇരകള്‍ അനുഭവിച്ച ആഘാതത്തില്‍ തനിക്ക് അതിയായ ദുഃഖവും വേദനയും ഉണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ഇതോടൊപ്പം തന്നെ സംഭവം തനിയ്ക്കും സഭയ്ക്കും നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ എല്ലാ മെത്രാന്മാരോടും മത മേലധികാരികളോടും അദ്ദേഹം ആവശ്യപ്പെടുകയും പള്ളികള്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ഇടമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവസാന 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോർട്ടിനായി അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേ പറയുന്നത്, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് ആളുകളും കുറ്റം ചെയ്തതായി കണ്ടെത്തിയെന്നും ഇരകളില്‍ 80 ശതമാനവും ആണ്‍കുട്ടികളാണെന്നുമാണ്.