മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിൽ ; ചോദ്യവുമായി ഹൈക്കോടതി

single-img
5 October 2021

വ്യാജ പുരാവസ്തുക്കൾ കാട്ടി കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ലോകത്തെങ്ങുമില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് മോന്‍സന്‍ പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാതെ സംരക്ഷണം കൊടുക്കുകയായിരുന്നു പൊലീസ് എന്ന് കോടതി വിമര്‍ശിച്ചു.

തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ രൂക്ഷവിമര്‍ശനം. പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ?. ആനക്കൊമ്പ് കണ്ടപ്പോള്‍ പൊലീസുകാര്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല ?. ഇതേക്കുറിച്ച് പൊലീസിന് ഒരു സംശയവും തോന്നിയില്ലേ എന്നും കോടതി ചോദിച്ചു.

മോന്‍സന്റെ വീടിന് മുന്നില്‍ പൊലീസുകാരെ കാണുമ്പോള്‍ സാധാരണ ജനം എന്ത് വിചാരിക്കണം. മോന്‍സന് വിശ്വാസ്യത നല്‍കുന്നതല്ലേ പൊലീസിന്റെ നടപടി. മോന്‍സന്‍ കേസില്‍ ആരോപണ വിധേയര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ടവര്‍ ഇതിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.