ഓടക്കുഴലും തബലയും വയലിനും വാഹനങ്ങളുടെ ഹോണാകും; നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

single-img
5 October 2021

രാജ്യത്ത് ഇനിമുതൽ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഹോണുകളിൽ ഭാരതീയ സംഗീതോപകരണങ്ങളുടെ ശബ്ദം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ നിയമനിര്‍മാണം നടത്തമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ആംബുലൻസ്, പോലീസ് തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സൈറണുകളെപ്പറ്റി പഠിക്കുകയാണെന്നും ഇതിനു പകരം കേള്‍ക്കാൻ കൂടുതൽ സുഖപ്രദമായ ആകാശവാണിയിലെ ശബ്ദം ഉപയോഗിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ ഒരു ഹൈവേ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

നേരത്തെ രാജ്യത്തെ വാഹനങ്ങളിലെ ചുവപ്പു നിറത്തിലുള്ള ബീക്കൺ നിര്‍ത്തലാക്കിയ കാര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വാക്കുകൾ: “ഞാൻ ആകാശവാണിയ്ക്കു വേണ്ടി ഒരു ആര്‍ട്ടിസ്റ്റ് തയ്യാറാക്കയ സംഗീതം ഇന്നു രാവിലെ കേട്ടിരുന്നു. ഈ ട്യൂൺ ആംബുലൻസുകള്‍ക്ക് ഉപയോഗിച്ചാൽ കേള്‍ക്കാൻ കൂടുതൽ സുഖകരമാകില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്.

മന്ത്രിമാരും മറ്റും കടന്നു പോകുമ്പോള്‍ സൈറണുകള്‍ ഉച്ചത്തിൽ കേള്‍പ്പിക്കുന്നത് അരോചകമാണ്. ഇത് ചെവിയ്ക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്. എല്ലാ വാഹനങ്ങളുടെയും ഹോണുകള്‍ ഇന്ത്യൻ സംഗീതോപകരണങ്ങളാക്കും. ഇതോടെ ഇത് കേള്‍വിയ്ക്ക് സുഖകരമാകും. ഓടക്കുഴൽ, തബല, വയലിൻ, മൗത്ത് ഓര്‍ഗൻ, ഹാര്‍മോണിയം തുടങ്ങിയവ.”