കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡേയുടെ ‘ഹെൽത്ത് ഗിരി’ അവാർഡ് കേരളത്തിന്

single-img
3 October 2021

ഇന്ത്യാ ടുഡേ ഗ്രൂപ്പ് നല്‍കുന്ന ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് കേരളത്തിന്‌ ഈ അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്കാരം ഏറ്റുവാങ്ങി.

ഒന്നാം സ്ഥാനം ഗുജറാത്തും കേരളത്തോടൊപ്പം പങ്കിട്ടു. കേരളത്തില്‍ 92 ശതമാനം പേരും നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 41 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. ഒക്ടോബർ ഒന്നുവരെ 30 മില്യനിലധികം ഡോസുകൾ കേരളം നൽകിയിട്ടുണ്ട്.

അതേസമയം, ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ മഹാമാരി ലോകത്ത് പിടിമുറുക്കിയപ്പോൾ വ്യക്തികളും സംഘടനകളും അവസരോചിതമായി പെരുമാറി മാതൃക കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പടുത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.