ശബരിമലയിലെ ആചാരങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു; മോന്‍സനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: എംടി രമേശ്‌

single-img
3 October 2021

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെ വ്യാജ ചെമ്പോലത്തകിട് കാട്ടി അട്ടിമറിക്കാൻ ശ്രമിച്ച പുരാവസ്തു തട്ടിപ്പു കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ശബരിമല പ്രക്ഷോഭത്തെ അട്ടിമറിക്കാനാണ് വ്യാജരേഖ ഉണ്ടാക്കിയത്.ഇതിനു പിന്നിൽ ഇടത് അജൻഡയാണ്.

കേവലമൊരു തട്ടിപ്പുകേസായി മാത്രം ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസനു സംരക്ഷണം നൽകുകയാണ്. ശബരിമല ക്ഷേത്രത്തെയും അവിടത്തെ ആചാരങ്ങളെയും തകർക്കുന്നതിനുവേണ്ടി വ്യാജരേഖ നിർമിച്ചവരെ ശിക്ഷിക്കണം. നേരത്തെ രേഖ പുറത്തുവന്നപ്പോൾത്തന്നെ വ്യാജരേഖയാണെന്ന് ആരോപണം ഉയർന്നതാണ്

ശബരിമല പ്രക്ഷോഭം നടക്കുന്ന കാലഘട്ടത്തിൽ ഡിസംബർ പത്തിനാണ് സ്വകാര്യചാനൽ രേഖ പുറത്തുവിട്ടത്. പിന്നാലെ മോൻസൻ മാവുങ്കലിന്റെ രേഖ ചരിത്രകാരൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പക്ഷെ അപ്പോൾ പുറത്തുവിട്ട ചെമ്പോലത്തകിട് വ്യാജമാണെന്ന് ഇന്നു തെളിഞ്ഞപ്പോഴാണ് ശബരിമല ക്ഷേത്രത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമാവുന്നത്.

സമൂഹത്തിലെ വലിയൊരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് ചെയ്തത്. ഈ ഗൂഡാലോചനയാണ് അന്ന് അരങ്ങേറിയത്. ഇടത് അജൻഡ പാർട്ടി ചാനലും പത്രങ്ങളും ദിവസങ്ങളോളം വാർത്തയാക്കുകയും മുഖ്യമന്ത്രി അടക്കമുള്ളവർ വ്യാജരേഖയിലെ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്.ഒരു തട്ടിപ്പുകാരൻ വിചാരിച്ചാൽ ഭരണകൂടത്തെയും നിയമസംവിധാനത്തെയും വിഡ്ഢികളാക്കാമെന്ന നാണക്കേടിൽനിന്ന് എങ്ങനെയാണ് സർക്കാർ കൈകഴുകുക?

വെറും ഒരു തട്ടിപ്പുകാരൻ ഡിജിപിയുടെ ഓഫിസിലടക്കം നിത്യ സന്ദർശനം നടത്തുമ്പോൾ അത് രഹസ്യാന്വേഷണ വിഭാഗത്തിനു കണ്ടെത്താൻ കഴിയാതിരുന്നത് സംശയകരമാണ്. ഇപ്പോൾ കേരളത്തിലെ പൊലീസ് അന്വേഷിക്കുന്നത് പണം വാങ്ങി പറ്റിച്ചുവെന്ന തട്ടിപ്പുകേസ് മാത്രമാണ്. പക്ഷെ മോൻസന്റെ പൊലീസ്–രാഷ്ട്രീയ ബന്ധങ്ങളും രാജ്യാന്തര ഇടപാടുകളും പരിശോധിക്കപ്പെടേണ്ടതാണ്.

ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യം പുറത്തുവരില്ല. ഡിജിപിയെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കഴിയില്ല. അതുകൊണ്ട് സംഭവം സിബിഐ അന്വേഷിക്കണമെന്നും എം.ടി.രമേശ് പറഞ്ഞു.