വിനു വി ജോണിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല: ശ്രീകണ്ഠന്‍ നായര്‍

single-img
2 October 2021

ഏഷ്യാനെറ്റ് ന്യൂസിലെ വെള്ളിയാഴ്ച നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കെതിരെ ഫ്ലവേഴ്സ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ രംഗത്ത്. മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് വിനു നടത്തിയ ചര്‍ച്ചയില്‍ ട്വന്റി ഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ പാനലിസ്റ്റ് റോയ് മാത്യു നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠന്‍ നായരുടെ രൂക്ഷമായ പ്രതികരണം.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു നിയമവ്യവസ്ഥയേയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ഏഷ്യാനെറ്റ് ന്യൂസ് അവറിലൂണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെട്ടു. ആ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയതായും അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ അത് നിയമവിരുദ്ധമാണ് എന്നതുകൊണ്ട് തന്നെ സംപ്രേക്ഷണം ചെയ്യുന്നില്ല. സ്ത്രീത്വത്തിനെതിരെ വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ടിവിയില്‍ കയറിയിരുന്ന് പറയുന്ന പത്രവര്‍ത്തകനാണ് റോയ് മാത്യു. ന്യൂസ് അവറിലിരിക്കുമ്പോള്‍ വിനു വി ജോണ്‍ എന്ന് പറയുന്ന ആളിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല. ആ തരത്തിലാണ് അദ്ദേഹം പറയുക,” ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകരായ വിനു.വി ജോണിനും റോയ് മാത്യുവിനുമെതിരെ അഡ്വ. മനീഷ രാധാകൃഷ്ണന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ ഭാര്യയാണ് മനീഷ രാധകൃഷ്ണന്‍.നേരത്തെ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ ചടങ്ങിനെ മകളുടെ പിറന്നാള്‍ ആഘോഷമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മനീഷ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, പിന്നാലെ തന്റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. താന്‍ നടത്തിയ പിതൃത്വ പരാമര്‍ശം നാക്കു പിഴയായിരുന്നു. അവതാരകന്‍ അത് അപ്പോള്‍ തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയെന്നാണ് റോയ് മാത്യു പ്രതികരിച്ചത്.