മോന്‍സന്റെ വീട്ടില്‍ നിന്നും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

single-img
2 October 2021

മോന്‍സന്റെ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് ഈ വസ്തുക്കള്‍ പിടിച്ചെടുത്തത്. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി.

ഇന്ന് പുലര്‍ച്ചയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ശില്‍പ്പി സുരേഷ് നല്‍കിയ പരാതിയിലാണ് നടപടി. ശില്‍പങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ വകയില്‍ തനിക്ക് പണം നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി.

അതേസമയം നേരത്തെ തന്നെ മോന്‍സന്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ വിറ്റതായി കണ്ടെത്തിയിരുന്നു. ഒട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി നിര്‍മ്മിച്ച ആനക്കൊമ്പ് മാതൃക ബംഗ്ലുരുവിലെ വ്യവസായിക്ക് വിറ്റുവെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചത്. പക്ഷെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും വ്യാജരേഖ നിര്‍മ്മിച്ചതിനെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ മോന്‍സന്‍ തയ്യാറാകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്നത്.

ഡല്‍ഹിയിലെ എച്ച് എസ് ബി സി ബാങ്കിന്റെ പേരില്‍ ഉള്‍പ്പടെ വ്യാജമായി രേഖ നിര്‍മ്മിച്ചതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതിനാലാണ് അന്വേഷണ സംഘം മോന്‍സന്റെ കസ്റ്റഡി നീട്ടി ചോദിച്ചത്. കസ്റ്റഡി ആവശ്യം കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് മോന്‍സനെ ഇന്നലെ മുതല്‍ വിശദമായി ചോദ്യം ചെയ്ത് വരുന്നുണ്ടെങ്കിലും സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ നിര്‍മ്മാണത്തെക്കുറിച്ചും വെളിപ്പെടുത്താന്‍ മോന്‍സന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം.