അടുത്ത രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ രോഹിത് ഇന്ത്യയെ നയിക്കണം: സുനില്‍ ഗവാസ്കര്‍

single-img
29 September 2021

വിരാട് കോലി ഈ വരുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുകയാണ്. അടുത്ത നായകനാവാൻ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് ഉപനായകന്‍ കൂടിയായ രോഹിത് ശര്‍മയുടേതാണെങ്കിലും കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരും പരിഗണനയില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പക്ഷെ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഇന്ത്യൻ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ നല്‍കിയിരിക്കുന്നത്. ഉടൻ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും രോഹിത് ക്യാപ്റ്റനാകണമെന്ന് ഗവാസ്കര്‍ പറയുന്നു.

ഇതോടൊപ്പം തന്നെ എന്തുകൊണ്ട് രോഹിത് തന്നെ ടീമിനെ നയിക്കണമെന്നതിന്റെ കാരണങ്ങളും സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് കണക്ടട് എന്ന പരിപാടിയില്‍ ഗവാസ്കര്‍ പറഞ്ഞു. “ട്വന്റി 20 ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റ് വരുമ്പോള്‍ നായക സ്ഥാനത്തേക്ക് വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടതില്ല.

നിലവിൽ രോഹിത് തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് എനിക്ക് തോന്നുന്നു,” മുന്‍താരം പറഞ്ഞു. ഇന്ത്യൻ ടീമാവട്ടെ ഇതിനോടകം രോഹിതിന്റെ കീഴില്‍ ഏഷ്യ കപ്പും നിധാസ് ട്രോഫിയും നേടിയിട്ടുണ്ട്. മാത്രമല്ല, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനായാണ് രോഹിതിനെ വിലയിരുത്തുന്നത്.