വേഷം നിരസിക്കുന്നതിനര്‍ത്ഥം ആ സിനിമ നല്ലതല്ലെന്നല്ല: സായ് പല്ലവി

single-img
29 September 2021

തനിക്ക് വന്ന പല വലിയ പ്രൊജക്ടുകളോടും വലിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളോടും ‘നോ’ പറയുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് തെന്നിന്ത്യന്‍ ഭാഷകളിലെ നിറസാന്നിധ്യമായ സായ് പല്ലവി. മലയാളത്തിലെ ഒരു ഓണ്‍ ലൈന്‍ പത്രത്തിന് അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ഒരാള്‍ക്കും വിഷമമുണ്ടാക്കാതെ, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണെന്നാണ് സായ് യുടെ അഭിപ്രായം. അതേസമയം, വേഷം നിരസിക്കുന്നത് സിനിമ മോശമായത് കൊണ്ടല്ല എന്നും സായ് പറയുന്നു.

സായ് പല്ലവിയുടെ വാക്കുകള്‍: ”ഞാന്‍ എന്നെത്തന്നെ ആ ക്യാരക്ടറില്‍ കാണാത്തത് കൊണ്ടാണ് പലപ്പോഴും ഓഫര്‍ നിരസിക്കുന്നത്. അല്ലാതെ ഒരു സിനിമ മോശമായത് കൊണ്ടല്ല. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും.

ഇത് മികച്ച സിനിമയാണെന്നും പക്ഷെ ഞാന്‍ ഈ വേഷം ചെയ്താല്‍ നന്നാവില്ലെന്നും അവരോട് തുറന്ന് പറയും. ഈ രീതിയില്‍ ഞാന്‍ തുറന്ന് സംസാരിക്കുന്നത് കൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ അത് മനസിലാക്കാറുണ്ട്. പിന്നൊരിക്കല്‍ മറ്റൊരു സ്‌ക്രിപ്റ്റുമായി വീണ്ടും വരാം എന്ന് അവര്‍ പറയും. ബുദ്ധിമുട്ടേറിയതാണെങ്കിലും ആളുകള്‍ എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നു.