പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല; പഞ്ചാബ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കപില്‍ സിബല്‍

single-img
29 September 2021

പഞ്ചാബിലെ കോൺഗ്രസ് പാർട്ടി കടന്നുപോകുന്ന പ്രതിസന്ധിയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും പ്രതികരിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഒരു അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം.

പഞ്ചാബ് എക്കാലവും ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും അദ്ദേഹം ഇന്ന് ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസ് ഈ നിലയിലെത്തിയതില്‍ താൻ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല.

എത്രയും വേഗം അടിയന്തര പ്രവര്‍ത്തകസമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു.