മോൻസണെതിരെയുള്ള അന്വേഷണത്തിന് കാരണം തന്റെ ഇടപെടല്‍; വെളിപ്പെടുത്തി അനിത പുല്ലയിൽ

single-img
29 September 2021

വ്യാജ പുരാവസ്തു ശേഖരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന് ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന പരാതിക്കാരി അനിത പുല്ലയിൽ. തനിക്ക് മോൻസണിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നും ഇപ്പോള്‍ ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ മലയാളത്തിലെ ഒരു ചാനലിനോട് പറഞ്ഞു.

മോൻസണെതിരേ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്ന് അനിത പറയുന്നു. കേരളത്തിലെ തൃശൂർ സ്വദേശിനിയാണ് അനിത പുല്ലയിൽ. റോമില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അനിത.

അവസാന മൂന്ന് വർഷമായി മോൻസൺ മാവുങ്കലിനെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ അറിയാമെന്നും മോൻസന്റെ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും താൻ ആകൃഷ്ടയായിട്ടുണ്ടെന്ന് അനിത പറഞ്ഞു. പക്ഷെ പലപ്പോഴും മോൻസന്റെ ചില പെരുമാറ്റങ്ങൾ തന്നിൽ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അനിത പറയുന്നു.

ഇതോടൊപ്പം തന്നെ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസികളുടെ മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുൻപ് തന്നെ മോൻസൺ സംഘടനയുടെ ഭാഗമായിരുന്നു. ഈ സംഘടനയിലെ പ്രവർത്തകരാണ് അനിതയ്ക്ക് മോൻസണെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

പക്ഷെ വളരെ വൈകിയാണ് മോൻസണിനുള്ളിലെ തട്ടിപ്പുകാരനെ കുറിച്ച് അനിത അറിയുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്‌നാഥ് ബെഹ്ര ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞത്. മോൻസണെ കുറിച്ച് കേട്ട കാര്യങ്ങളെല്ലാം താൻ മോൻസണോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ ചോദ്യങ്ങളിൽ നിന്ന് മോൻസൺ ഒഴിഞ്ഞ് മാറുകയായിരുന്നു. പലയാളുകളിൽ നിന്നും മോൻസൺ പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം അനിത അറിയുന്നത് വളരെ വൈകിയാണ്.

ഇപ്പോള്‍ മോന്സനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യാക്കൂബ്, ഷെമീർ അടക്കമുള്ള ആറംഗ സംഘത്തെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് അനിതയാണ്. ഇനിയും ഇയാള്‍ക്കെതിരെ പരാതിപ്പെടാൻ തയാറുള്ളവരുടെ ഒപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും പണം നഷ്ടപ്പെട്ട പലരും മുന്നോട്ട് വരാൻ തയാറായില്ലെന്നും അനിത പറയുന്നു.