പുറത്ത് ജോലിയും ഭക്ഷണവും ഇല്ല; ജയിലിൽ പോകാൻ പോലീസ് ജീപ്പിന് കല്ലെറിഞ്ഞ് യുവാവ്

single-img
28 September 2021

ജയിലിൽ പോകാനായി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പിന്റെ ചില്ല് യുവാവ്‌ എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവത്തിന്‌ പിന്നാലെ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി.

നേരത്തെയും ആറ് മാസം മുൻപ് ഇതേ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാൾ എറിഞ്ഞു തകർത്തിരുന്നു. അന്ന് ബിജുവിനെ പിടികൂടി ജയിലിൽ അടച്ചു. ഇപ്പോള്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ജയിൽ പോകാൻ വേണ്ടിയാണ് വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാൾ പറഞ്ഞത്. ഇപ്പോള്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചത്. അതേസമയം, ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്നുന്ന് പൊലീസ് അറിയിച്ചു.