മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ നടപടികള്‍ ഫലം കണ്ടു; വിമലയ്ക്ക് ഒരേക്കര്‍ ഭൂമിക്ക് പട്ടയം നല്‍കി

single-img
28 September 2021

കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും കുടുംബത്തിനും ആനശല്യമില്ലാത്ത പ്രദേശത്ത് ഒരേക്കര്‍ ഭൂമിയുടെ പട്ടയം കൈമാറി. അവിടെ ലൈഫ്മിഷനില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശം നല്‍കി.

ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്ള വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിഷയത്തില്‍ ഇടപെട്ടു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ് ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലാതല റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്യവേ, വിമലയുടെയും മകന്റേയും ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

തൊട്ടടുത്ത ദിവസം മന്ത്രിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത് കുമാര്‍ വിമലയുടെ കുടിലിലേക്ക് പോയി. അവിടെയുള്ള കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചു. അവര്‍ക്ക് വേണ്ടി പുതിയ കട്ടിലും കിടക്കയും വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷമാണ് അഡീഷണല്‍ ഡയറക്ടര്‍ മടങ്ങിയത്.

കാട്ടാനയുടെ ശല്യമില്ലാത്ത ആവാസ വ്യവസ്ഥയിലാണ് ഇപ്പോള്‍ ഒരേക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കിയത്. പട്ടയം ലഭിച്ച സന്തോഷത്തില്‍ നില്‍ക്കുന്ന വിമലയ്ക്കും കുടുംബത്തിനും ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുന്ന പ്രവര്‍ത്തനവും സമയബന്ധിതമായി നടപ്പിലാക്കും. ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.