അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഔദ്യോഗികമായി അംഗത്വം എടുക്കാതെ ജിഗ്നേഷ് മേവാനി

single-img
28 September 2021

ദീര്‍ഘകാലം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് സിപിഐ മുന്‍നേതാവ് കൂടിയായ കനയ്യയും ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഡല്‍ഹിയിലുള്ള എഐസിസി ആസ്ഥാനത്തെത്തിയാണ് കനയ്യ കോണ്‍ഗ്രസ്പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അതേസമയം, ഇതുവരെ ജിഗ്നേഷ് മേവാനി അംഗത്വം സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ സ്വതന്ത്ര എംഎൽഎ ആയതിനാല്‍ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാൻ സാങ്കേതിക പ്രശ്നമുള്ളതിനാലാണ് അംഗത്വമെടുക്കാത്തതെന്നാണ് ജിഗ്നേഷ് അറിയിച്ചിട്ടുള്ളത്.

കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു കനയ്യയും ജിഗ്നേഷും പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇന്ന് വൈകുനേരംഞ്ചു മണിയോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

അതിന് മുന്‍പായി ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയിലെ ശഹീദ് ഭഗത് സിങ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയായിരുന്നു ഇത്. പിന്നാലെ കനയ്യയെ അനുനയിപ്പിക്കാന്‍ സിപിഐയുടെ ദേശീയ നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.