ജാമ്യാപേക്ഷ തള്ളി; മോന്‍സന്‍ മാവുങ്കല്‍ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

single-img
28 September 2021

വ്യാജ പുരാവസ്തുവിന്റെ പേരില്‍ ആളുകളെ തട്ടിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയ എറണാകുളം അഡീഷണല്‍ സി ജെ എം കോടതി മോന്‍സന് മതിയായ ചികിത്സകള്‍ നല്‍കണമെന്നും ഉത്തരവിട്ടു.

കോടതിയില്‍ അഞ്ച് ദിവസത്തേക്കായിരുന്നു ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എച്ച്എ സ്ബി സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിനായി അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍ എന്നിവ കണ്ടേത്തണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തട്ടിപ്പിന്റെ ആഴം എത്രത്തോളം എന്ന് അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കോടതി കേസ് പരിഗണനയ്ക്കായി വച്ചത്. പക്ഷെ ഈ സമയം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ആരോഗ്യനില തൃപ്തികരമായ ശേഷം മോന്‍സനെ കോടതിയില്‍ വൈകീട്ട് നാലുമണിയോടെ ഹാജരാക്കുകയായിരുന്നു.