ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേര്‍ക്ക് മുട്ടയേറ്; എറിഞ്ഞയാളുമായി സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍

single-img
28 September 2021

ലിയോണില്‍ ഒരു റസ്‌റ്റോറന്റ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേര്‍ക്ക് മുട്ടയെറിഞ്ഞു. അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോട്ടല്‍ ട്രെയ്ഡ് ഫെയറിനിടെയാണ് സംഭവം. മുട്ട അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിയെങ്കിലും പൊട്ടിയില്ല.

തൊട്ടുപിന്നാലെ തന്നെ മുട്ടയെറിഞ്ഞ യുവാവിനെ പൊലീസ് കീഴടക്കി മറ്റൊരു മുറിയിലേക്ക് മാറ്റി. ഇയാളുമായി താന്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍ പിന്നീട് പറഞ്ഞു. ”ഒരുപക്ഷെ അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ. പ്രോഗ്രാം അവസാനിച്ചതിന് ശേഷം ഞാന്‍ അയാളെ നേരില്‍ കാണും”-മക്രോണ്‍ പറഞ്ഞു.

ആളുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റസ്‌റ്റോറന്റില്‍ ടിപ് നല്‍കുന്നതിനെ നികുതിയില്‍ നിന്നൊഴിവാക്കുമെന്ന് മക്രോണ്‍ അറിയിച്ചതിന് പിന്നാലെയാണ് മുട്ടയേറ്. നേരത്തെയും ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.