സ്ഥാപിച്ചത് സ്വന്തം ചെലവില്‍; സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയിലെ എസി അഴിച്ചുകൊണ്ടുപോയി കനയ്യകുമാര്‍

single-img
28 September 2021

പട്നയിലുള്ള സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണര്‍ അഴിച്ചുകൊണ്ടുപോയി യുവനേതാവ് കനയ്യകുമാര്‍. മുറിയിലെ എസി കനയ്യ കുമാര്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ചതാണെന്നും അഴിച്ചുകൊണ്ടുപോകാന്‍ അനുവദിച്ചിരുന്നതായും സിപിഐയുടെ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ അറിയിക്കുകയും ചെയ്തു.

കനയ്യകുമാര്‍ അടുത്തുതന്നെ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായതിന് ഇടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനയ്യ പാര്‍ട്ടി ഓഫീസിലെ എസി അഴിച്ചുകൊണ്ടുപോയത്. അതേസമയം, കനയ്യ കോണ്‍ഗ്രസില്‍ ചേരുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും രാം നരേഷ് പാണ്ഡേ പ്രതികരിച്ചു.

കനയ്യയുടെ മനസ് ഒരു കമ്യൂണിസ്റ്റുകാരന്‍റേതാണ് അങ്ങിനെയുള്ള ആളുകൾക്ക് തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങളില്‍ നിന്ന് വഴിമാറാന്‍ കഴിയില്ലെന്നും രാം നരേഷ് പറയുന്നു. ഈ മാസം 4നും 5നുമായി നടന്ന സിപിഐയുടെ ദേശീയ എക്സിക്യുട്ടീവ് കൌണ്‍സില്‍ യോഗത്തിലും കനയ്യ പങ്കെടുത്തതായി രാം നരേഷ് പാണ്ഡേ പറഞ്ഞു.

ഈ യോഗത്തിനിടയില്‍ ഒരിക്കല്‍ പോലും താൻ സിപിഐ വിടുന്ന കാര്യത്തേക്കുറിച്ച് കനയ്യ പറഞ്ഞില്ലെന്നും ഏതെങ്കിലും പ്രത്യേക പദവി ലഭിക്കുന്നത് സംബന്ധിച്ച് ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയോ കനയ്യ ചെയ്തിട്ടില്ലെന്നും രാം നരേഷ് പാണ്ഡേ വ്യക്തമാക്കി.