നിധി ലഭിക്കുമെന്ന് വിശ്വസിച്ച്‌ ഭാര്യയെ നരബലി നല്‍കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

single-img
28 September 2021

നിധി സ്വന്തമാകുമെന്ന വിശ്വാസത്തില്‍ മഹാരാഷ്‌ട്രയിലെ ജല്‍നയിൽ സ്വന്തം ഭാര്യയെ നരബലി നല്‍കാന്‍ ശ്രമിച്ചതിന് ഭര്‍ത്താവും മന്ത്രവാദിനിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

സംസ്ഥാനത്തെ ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിള്‍ (40), ജീവന്‍ പിമ്പിള്‍ എന്നിവരാണ് പിടിയിലായ യുവാക്കള്‍. ബുല്‍ദാന ജില്ലയിലെ ദുവല്‍ഗാവ് രാജ തഹസില്‍ സ്വദേശിനിയാണ് മന്ത്രവാദിനി.സന്തോഷിന് സ്ഥിരമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ ശ്മശാനങ്ങള്‍ക്ക് ചുറ്റുമാണ് മദ്യപാനിയായ സന്തോഷ് കൂടുതല്‍ സമയവും ചെലവിട്ടിരുന്നത്.

ഇടയ്ക്കൊക്കെ താന്‍ രഹസ്യ നിധി കണ്ടെത്തുമെന്ന് അയാള്‍ ഭാര്യയോട് പറയാറുണ്ടായിരുന്നതായും പോലീസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര താക്കറെ പറയുന്നു. ഒരിക്കല്‍ സന്തോഷ് മന്ത്രവാദിനിയെ തന്റെ വീട്ടില്‍ കൊണ്ടുവന്നിരുന്നു. ഈ സമയം ഭാര്യയെ നിര്‍ത്തിക്കൊണ്ട് ചില പൂജകളും മറ്റ് കര്‍മങ്ങളും ചെയ്യാന്‍ തുടങ്ങി.

എന്നാല്‍ ഭാര്യ ഇതിനെ എതിര്‍ത്തപ്പോള്‍ സന്തോഷ് അവളെ മര്‍ദിക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ പറഞ്ഞു.ഭര്‍ത്താവിന്റെ ചില ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഗ്രാമവാസികളില്‍ ചിലരോട് പറഞ്ഞ ശേഷം പിതാവിന്റെ സഹായത്തോടെ ഭാര്യ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.എന്തായാലും പോലീസ് മനുഷ്യബലി, ദുരാചാരങ്ങള്‍, അഘോരി സമ്പ്രദായങ്ങള്‍ എന്നിവയ്‌ക്കെതിരായ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.