എ ഐ സി സി അംഗത്വവും രാജിവെച്ച് വിഎം സുധീരന്‍

single-img
27 September 2021

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഉടനൊന്നും അവസാനിക്കില്ലെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് വി എം സുധീരൻ എ ഐ സി. സി അംഗത്വവും രാജിവെച്ചു. തന്റെ രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല എന്ന് തന്നെയാണ് സുധീരന്റെ നടപടിയില്‍ നിന്നും വ്യക്തമാവുന്നത്.

സംസ്ഥാനത്തെ വിഷയങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് സുധീരന്‍ പറയുന്നു. കേരളത്തിലെ നേതൃത്വമാവട്ടെ കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനത്തെ നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പറഞ്ഞു.