വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരൻ ; ചര്‍ച്ച നടത്തുമെന്ന് താരിഖ് അൻവർ

single-img
25 September 2021

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അൻവർ.

ഈ ചർച്ചയ്ക്ക് ശേഷം ആവശ്യമെങ്കിൽ സുധീരനെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് ദിവസം തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളുമായെല്ലാം ചർച്ച നടത്തുമെന്നും താരിഖ് അൻവർ അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്.

അതേസമയം വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സുധീരൻ രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം, കത്തിലെ ഉള്ളടക്കം അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നും കണ്ണൂരിൽ പറഞ്ഞു.