മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കും; ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്

single-img
25 September 2021

മധ്യപ്രദേശിലുള്ള ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്. സംസ്ഥാനത്തിന്റെ ഗുജറാത്ത് അതിർത്തിയിലെ ബറോഡയോട് ചേര്‍ന്ന ജാബുവയിലെ ക്രൈസ്തവ ദേവാലയങ്ങൾ പൊളിച്ച് നിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ക്രിസ്ത്യൻ യുവതി – യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വിവാദമായി തുടരുമ്പോഴാണ് ഈ ഭീഷണിയും.

ഇവിടെയുള്ള ക്രൈസ്തവ ദേവാലയങ്ങൾ വരുന്ന ഞായറാഴ്ച തകർക്കുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പ്രൊട്ടസ്റ്റന്റ് ശാലോം ദേവാലയത്തിലെ സഹായ മെത്രാൻ പോൾ മുനിയ പറയുന്നു.

ഇവയെല്ലാം നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് ആരോപിച്ചാണ് പള്ളികൾ പൊളിച്ച് നിക്കുമെന്ന ഭീഷണി വിശ്വഹിന്ദു പരിഷത്ത് നേതാക്കളിൽ നിന്ന് ഉണ്ടായത്. ഈ മാസം 26 ഞായറാഴ്ച പള്ളി പൊളിച്ച് നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പള്ളി പൊളിച്ച് നീക്കുമെന്ന ഭീഷണി വിശ്വഹിന്ദു പരിഷത്തില്‍ നിന്നും ശക്തമായതോടെ ബിഷപ്പ് പോൾ മുനിയയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ജില്ലാ കളക്ടറെ സമീപിക്കുകയുണ്ടായി. അതിക്രമങ്ങൾ തടയാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ ക്രൈസ്തവർക്കും ക്രൈസ്തവ സംഘടനകൾക്കുമെതിരെ നിരന്തരമായി ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവർണർക്കും ഇവര്‍ നിവേദനം നൽകുകയും ചെയ്തു.

എല്ലാവരും ഹിന്ദുമതത്തിലേക്ക് മതം മാറണമെന്ന ആവശ്യപ്പെട്ടാണ് വിഎച്ച്പി നേതാക്കളിൽ നിന്നും ഭീഷണികൾ ഉണ്ടാകുന്നത്. ക്രിസ്ത്യൻ വിഭാഗത്തോടും വിശ്വാസികളോടും അനുകൂല നിലപാടല്ല അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജില്ലയിലെ ഒരു ലക്ഷം ജനസംഖ്യയുടെ 4 ശതമാനം മാത്രമാണ് ക്രൈസ്തവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.