ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാം; പ്രവേശനം 50 ശതമാനം പേർക്ക് മാത്രം; ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

single-img
25 September 2021

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പുതിയ തീരുമാന പ്രകാരം ഹോട്ടലുകളിൽ ഇനിമുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതോടൊപ്പം ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്.നിബന്ധനകളോടെയാണ് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും കഴിയുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇരുസ്ഥലങ്ങളിലും പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം. എസി പ്രവർത്തിപ്പിക്കാന്‍ പാടില്ല. ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സ്കൂളുകള്‍ തുറക്കാന്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്‌ടോബർ 20 ന് മുമ്പ് തീർക്കണം. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അവർ കൃത്യമായ ദിവസങ്ങളിൽ വിദ്യാലയം സന്ദർശിക്കുകയും വേണം.