ചെവികള്‍ അറുത്തുമാറ്റി വയറ്റില്‍ കത്തി കുത്തിയിറക്കി; പോത്തിന് നേര്‍ക്ക് സാമൂഹിക വിരുദ്ധരുടെ ക്രൂരത

single-img
24 September 2021

ഒന്നര വയസ് മാത്രം പ്രായമുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

തന്റെ പുരയിടത്തില്‍ കെട്ടിയിട്ട പത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു. ഇയാളുടെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെയായിരുന്നു മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. രക്തം വളരെയധികം വാര്‍ന്നതിനാല്‍ പോത്ത് അവശനിലയിലായിരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് അംഗം ബെന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയിലെ ജീവനക്കാര്‍ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.