മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു: കെ സുരേന്ദ്രൻ

single-img
24 September 2021

കേരളത്തിലെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ടതിൽ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതംതിരിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കണക്ക് സൂക്ഷിക്കുന്നുണ്ടോയെന്നും ഇതിന് എന്ത് ആധികാരികതയാണ് ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

സംസ്ഥാന മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തില്‍ സ്‌കൂളുകൾ തുറക്കുന്നതിന് നവംബർ ഒന്ന് എന്ന കട്ട് ഓഫ് ഡേറ്റിന്റെ ആവശ്യമില്ല. ഇവിടെ ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സർക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. രക്ഷിതാക്കൾക്ക് ഉയർന്ന ആശങ്കയുണ്ട്.

സർക്കാർ ഇതിനെയൊരു ദുരഭിമാന പ്രശ്‌നമായി കാണരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം കോവിഡ് കാലത്തെ സർക്കാർ പിന്തുണയുള്ള ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ദില്ലിയിലെ കർഷക സമരക്കാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ കേരളത്തിൽ ബാധകമല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഹർത്താൽ നടത്തുന്നത് അനാവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.