അസമിലെ പോലീസ് വെടിവെപ്പ് ; സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസ്- സി ആര്‍ പി എഫ് സേനകളെ വിന്യസിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
24 September 2021

അസമില്‍ ജനങ്ങളുമായി പോലീസ് വെടിവെപ്പ് നടന്ന ധാറംഗ് ജില്ലയിലെ ധോല്‍പൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സംസ്ഥാന സര്‍ക്കാര്‍. സംഘര്‍ഷത്തില്‍ പോലീസിന്റെ വെടിയേറ്റ്‌ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചത്.

വലിയ രീതിയിലുള്ള പൊലീസ് സന്നാഹം ഇപ്പോള്‍ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിനൊപ്പം സി ആര്‍ പി എഫും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏകദേശം 800 ഓളം ആളുകളാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.