ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന മുൻ നിലപാട് തിരുത്തി എ വിജയരാഘവൻ

single-img
23 September 2021

ഈ മാസം 27 ന് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ നൽകുമെന്ന് സിപിഎം. പാലാ ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയസംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എൽഡിഎഫിന്റേതെന്നും വ്യക്തമാക്കി.

വിജയരാഘവന്റെ വാക്കുകൾ: ‘കർഷക സമരത്തിന് ഇടതുമുന്നണി ഐക്യദാർഢ്യം നൽകുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാർഢ്യ കൂട്ടായ്മകൾ നടത്തും. കർഷകരുടെ ആവശ്യം ന്യായമാണ്, അതിനെ പിന്തുണക്കേണ്ടതുണ്ട്. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നായിരുന്നു, ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മുൻ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ നേരത്തെ പറഞ്ഞത്.