ഭിന്നത മറനീക്കി; കണ്ണൂരിലെ മുസ്ലിംലീഗില്‍ തര്‍ക്കം രൂക്ഷം; നേതൃത്വത്തെ വെല്ലുവിളിച്ച്‌ വിമതരുടെ ശക്തി പ്രകടനം

single-img
23 September 2021

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭയില്‍ മുസ്ലിംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച്‌ തളിപ്പറമ്പില്‍ ലീഗ് വിമത വിഭാഗത്തിന്റെ പ്രകടനം നടന്നു . ഈ പ്രകടനത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത തളിപ്പറമ്പിലെ വിമത മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ഔദ്യോദിക വിഭാഗം അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇതിന്റെ പിന്നാലെയാണ് ലീഗ് വിമതരുടെ ശക്തി പ്രകടനം. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും അത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു നടപടി. പ്രകടനം നേതൃത്വത്തിന് തലവേദനയാകുമെന്നാണ് വിവരം. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ലീഗ് തയ്യാറായിട്ടില്ല.

ചേരിതിരിവ് സംസ്ഥാന തലത്തിലേക്കെത്തുമ്പോള്‍ മഹ്മൂദ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണെന്നും കെ എം ഷാജിയുടെ വിശ്വസ്തനാണ് സുബൈര്‍ എന്നും വിലയിരുത്തുന്നവരുണ്ട്. സമാന്തര കമ്മിറ്റി രൂപീകരിച്ചവരോട് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജില്ലാകമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.