രാഹുലിനും പ്രിയങ്കയ്ക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഉപദേശകർ വഴിതെറ്റിച്ചു: അമരീന്ദര്‍ സിങ്

single-img
22 September 2021

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമരീന്ദർ സിങ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വേണ്ടത്ര രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും ഇരുവരെയും ഉപദേശകർ വഴിതെറ്റിച്ചെന്നും അമരീന്ദർ സിങ് കുറ്റപ്പെടുത്തി.

നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ നവജോത് സിങ് സിദ്ദുവിനെതിരെ താന്‍ സ്ഥാനാർഥിയെ നിർത്തുമെന്നും രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോൽവി ഉറപ്പാക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു.

അമരീന്ദ‍ർ സിം​ഗിൻ്റ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയുടെ പൂർണ്ണരൂപം:

രാഹുൽ ഗാന്ധിക്കും ,പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല. ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുകയാണ്. മൂന്നാഴ്ച മുൻപേ രാജി സന്നദ്ധത താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനാണ് അവർ നിർദേശിച്ചത്. പക്ഷേ ഒടുവിൽ അപമാനിച്ച് ഇറക്കിവിട്ടു.

സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിർത്തിരുന്നു. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കാതിരിക്കാൻ പല്ലും നഖവും ഉപയോ​ഗിച്ച് ഞാന്‍ പ്രയത്നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാൻ സാധിക്കുമെന്നറിയില്ല.