പ്രണയവും ലഹരിയും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ട: മുഖ്യമന്ത്രി

single-img
22 September 2021

പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നിർഭാ​ഗ്യകരമായ പരാമർശവും അതിലൂടെ നിർഭാ​ഗ്യകരമായ വിവാദവുമാണ് നമ്മുടെ നാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ ഘട്ടത്തിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‍ലാം മതത്തിലേക്ക് കൂടുതല്‍ പരിവര്‍ത്തനം നടക്കുന്നില്ല. ആ രീതിയിലുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. 2019 വരെ കേരളത്തില്‍ നിന്ന് നൂറുപേര്‍ ഐഎസില്‍ ചേര്‍ന്നു. അതില്‍ 72 പേര്‍ വിദേശത്തുവച്ചാണ് ഐഎസ്ഐ ആശയങ്ങളില്‍ ആകൃഷ്ടരായത്.

ഈ 72 പേരില്‍ 71 പേരും മുസ്‍ലിം സമുദായത്തില്‍ ജനിച്ചവരാണ്. ശേഷിച്ച 28 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് മതം മാറി ഐഎസില്‍ ചേര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെസയം തന്നെ പ്രശ്ന പരിഹാരത്തിന് സർക്കാർ സർവ്വകക്ഷിയോ​ഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായവും മുഖ്യമന്ത്രി തള്ളി.

സര്‍വ കക്ഷി യോഗം വിളിക്കുക വഴി പരിഹാരം കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷിയോ​ഗം കൊണ്ട് എന്താണ് ​ഗുണമെന്നും എന്താണ് ചർച്ച ചെയ്യുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ സമയം അതല്ല വേണ്ടത്. തെറ്റ് തിരുത്തിക്കാനുള്ള നടപടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രണയവും ലഹരിയും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് തീ കൊളുത്തി ഐക്യം തകര്‍ക്കാനുള്ള ശ്രമം വ്യാമോഹമായി തുടരും. കേസുകള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് പ്രത്യേകപങ്കാളിത്തമില്ല. ലഹരിക്കേസുകളെ മതത്തിന്റെ കള്ളിയില്‍പ്പെടുത്താന്‍ കഴിയില്ല. നാർക്കോട്ടിക് കേസുകളിലെ 49.8 ഹിന്ദുക്കളും 34.47 മുസ്ലീങ്ങളും 15.73 ക്രിസ്ത്യനികളുമാണ് പ്രതികളായത്. ഈ കണക്കുകളില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. നിര്‍ബന്ധിച്ച് മയക്ക് മരുന്ന് ഉപയോഗിച്ചതായോ മതപരിവാര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിച്ചിട്ടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയിപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.