ചിലര്‍ എന്റെ മരണം ആഗ്രഹിച്ചിട്ടും ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

single-img
22 September 2021

ചിലരൊക്കെ തന്റെ മരണം ആഗ്രഹിച്ചിരുന്നെങ്കിലും താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കഴിഞ്ഞ ദിവസം നടന്ന ബ്രാട്ടിസ്വാലയിലെ ജെസ്യൂട്ട് പുരോഹിതരുമായുള്ള കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പുരോഹിതരുടെ പ്രസിദ്ധീകരണമായ സിവില്‍ട്ട കത്തോലിക്കയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യാഥാസ്ഥിതികമായ കത്തോലിക്ക പുരോഹിതര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചിരുന്ന നിലപാടുകള്‍ പലതും കല്ലുകടിയായിരുന്നു. സഭയിലെ പുരോഹിതരുടെ ലൈംഗിക അതിക്രമണങ്ങള്‍ക്കെതിരെയും സ്വവര്‍ഗ അനുരാഗത്തിന് അനുകൂലമായും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എടുത്ത നിലപാടുകളായിരുന്നു യാഥാസ്ഥിതികര്‍ക്ക് എതിര്‍പ്പിന് കാരണമായത്.

നേരത്തെ മാര്‍പ്പാപ്പ വന്‍കുടലില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികരില്‍ ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി. ‘ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലര്‍ ഞാന്‍ മരിക്കണമെന്നാഗ്രഹിച്ചിട്ടും. എന്റെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്ന് ധരിച്ച് യോഗം നടന്നിരുന്നതായി എനിക്കറിയാം.

അവര്‍ കോണ്‍ക്ലേവിന് തയ്യാറെടുത്തു. എല്ലാം നല്ലതിന്. എനിക്കിപ്പോള്‍ സുഖമാണ്. ദൈവത്തിന് സ്തുതി. പരിചരിച്ച നഴ്സ് എന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചിലപ്പോള്‍ ഡോക്ടര്‍മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി അറിയുന്നത് നഴ്സുമാര്‍ക്കായിരിക്കും. അവരാണല്ലോ രോഗിയോട് അടുത്ത് പെരുമാറുന്നത്,’ എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മറുപടി.