കെ റെയിൽ പദ്ധതിയ്ക്കെതിരെ റിപ്പോർട്ടുമായി യുഡിഎഫ് ഉപസമിതി

single-img
21 September 2021

സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ നടപ്പാക്കാനൊരുങ്ങുന്ന അതിവേഗ റെയിൽ പദ്ധതിയ്ക്കെതിരെ യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. നദികളുടെ സ്വാഭാവികഒഴുക്ക് തടസ്സപ്പെടുത്തുമെന്നും കെ റെയിൽ സെമിഹൈസ്പീഡ് റെയിൽവേ പദ്ധതി പരിസ്ഥിതിയ്ക്കു ദോഷം ചെയ്യുമെന്നും യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോർട്ട് വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. വലിയ തുക മുടക്കി നിര്‍മിക്കുന്ന കെ-റെയിൽ പാളങ്ങള്‍ സ്റ്റാൻഡേഡ് ഗേജ് ആയതിനാൽ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകള്‍ക്ക് ഈ പാത ഉപയോഗിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കെ റെയിൽ പദ്ധതി സംസ്ഥാനത്തെ നെടുകെ കീറി മുറിയ്ക്കുമെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ.

മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗതയിലുള്ള റെയിൽ യാത്രയ്ക്ക് ആവശ്യമായ പാത തയ്യാറാക്കുമ്പോള്‍ ചതുപ്പുനിലങ്ങളിൽ പത്ത് മീറ്ററും സാധാരണ നിലത്ത് നാലു മീറ്ററും മണ്ണിട്ട് നികത്തേണ്ടി വരുമെന്നും ഇത് സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഉപസമിതിക്കായി എം കെ മുനീറാണ് യുഡിഎഫ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, കെ റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. നിലവിൽ 63000 കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നതെങ്കിലും പദ്ധതിയ്ക്ക് ഒന്നേകാൽ ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിൻ്റെ കണക്ക്.