പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് സ്ത്രീകള്‍ക്ക് ഇണങ്ങുന്ന ഏക ജോലി: താലിബാന്റെ കാബൂള്‍ മേയർ

single-img
21 September 2021

ഭരണത്തില്‍ എത്തിയ ആദ്യ നാളില്‍ സ്ത്രീകൾക്ക് വിദ്യാഭാസവും ജോലിയും ഉറപ്പ് നൽകിയ താലിബാൻ പക്ഷെ ഇപ്പോള്‍ തങ്ങളുടെ യഥാർത്ഥ നയം പ്രവർത്തികളിലൂടെ വ്യക്തമാക്കുന്നു. നിലവില്‍ആൺകുട്ടികൾക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളെ തൊഴിലിന് വരേണ്ട എന്ന അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യം സുരക്ഷിതമല്ലെന്നും സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നുമാണ് താലിബാന്‍ ന്യായീകരണമായി പറയുന്നത്. രാജ്യ തലസ്ഥാനമായ കാബൂളിന്റെ ആക്ടിംഗ് മേയർ ഹംദുള്ള നൊഹ്മാനി സ്ത്രീകൾക്ക് ചെയ്യാൻ ഒരു ജോലി മാത്രമേ ഉള്ളു പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് അവർക്ക് ഇണങ്ങുന്ന ഏക ജോലി എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

അവിടെപോലും സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം സ്ത്രീകള്‍ വൃത്തിയാക്കിയാൽ മതിയെന്നും മേയർ അറിയിപ്പില്‍ പറഞ്ഞു. പുരുഷന്മാരാല്‍ ചെയ്യാന്‍ സാധിക്കാത്ത ജോലികളിൽ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് മേയർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മാര്‍ക്കറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുക.